രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം, മുഖ്യ സൂത്രധാരന്‍ മറ്റൊരാളാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം
ന്യൂഡല്‍ഹി:രാജ്യത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് ആക്രമണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മറ്റൊരാള്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നു.
പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പ് പ്രതികള്‍ ഇന്ത്യാ ഗേറ്റില്‍ ഒത്തുകൂടിയെന്നും ഇവിടെ വെച്ച് കളര്‍ പടക്കം കൈമാറിയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചണ്ഡീഗഢിലെ പ്രതിഷേധത്തിനിടെയാണ് പ്രതികള്‍ പരസ്പരം കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടില്‍ ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ പറയുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി ഡല്‍ഹി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പാര്‍ലമെന്റിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ ഉണ്ടായ വന്‍ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങള്‍ മറികടന്നാണ് പുതിയ സഭാമന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചത് എന്നാണ് പുലര്‍ച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞതായി വ്യക്തമാകുന്നത്.