ആൺസുഹൃത്തിനൊപ്പം തിരുവനന്തപുരത്തെ ബീച്ചിലെത്തിയ പെൺകുട്ടിയ്ക്ക് പീഡനം: മൂന്നം​ഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ


തിരുവനന്തപുരം: പൂവാറിൽ ആൺസുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊഴിയൂർ പരുത്തിയൂർ സ്വദേശി സാജ(29)നാണ് അറസ്റ്റിലായത്. സംഭവം നടന്ന് നാലുമാസങ്ങൾക്ക് ശേഷമാണ് ഇരുപതുകാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പൊഴിയൂർ ബീച്ചിലെത്തിയ യുവതിയെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ മർദ്ദിച്ച ശേഷം സാജന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സംഘം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ രണ്ടാം പ്രതിയും മൂന്നാം പ്രതിയും പിടിയിലായിരുന്നു. ഒന്നാം പ്രതിയായ പൊഴിയൂർ സ്വദേശി സാജൻ കടൽ പണിക്ക് പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. സാജൻ കടൽ പണി കഴിഞ്ഞു എത്തിയ ശേഷം തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞ ശേഷം ട്രെയിനിൽ നിലേശ്വരത്ത് നിന്നും തിരുവനന്തപുരത്തേക്കു വരുന്നതിനിടയിൽ പോലിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ട്രെയിനിൽ കയറി.

പൊലീസ് പിന്തുടരുന്നുണ്ട് എന്ന് മനസിലാക്കിയ സാജൻ പേട്ട റെയിൽവേ സ്റ്റേഷനിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലിസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊഴിയൂർ സി.ഐ സതികുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് പറയുന്നത് ഇങ്ങനെ:

ജൂലൈ മാസം ആണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ ആൺ സുഹൃത്തിനെ യുവതിയുടെ മുന്നിൽവച്ച് മർദ്ദിച്ചു. ശേഷം യുവതിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികളിൽ ഒരാളായ യുവാവ് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

മാസങ്ങൾക്കു ശേഷം പ്രതികൾ മൊബൈൽ ദൃശ്യം കാണിച്ചു ഭിഷണിപ്പെടുത്തുകയായിരുന്നു.നിരന്തരം ഭീഷണി തുടർന്നതോടെയാണ് യുവതി പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് രണ്ടാം പ്രതിയെയും മൂന്നാം പ്രതിയെയും പൊലീസ് അറസ്റ്റ് ചെയതിരുന്നു. എന്നാൽ ഒന്നാം പ്രതി ഒളിവിൽ പോകുകയായിരുന്നു.