കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി


തൃശ്ശൂർ: കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായത്.

തേലപ്പിള്ളി സ്വദേശികളായ കുട്ടികളായിരുന്നു ഇവർ. വീട്ടിൽ നിന്നിറങ്ങി വഴിതെറ്റി പോയതാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇവരെ കൈപ്പമംഗലം സ്റ്റേഷനിലെത്തിച്ചു.

അതേസമയം, പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്നും പരാതിയുണ്ട്. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെൺകുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥിനികളെയാണ് കാണാതായത്. സംഭവത്തിൽ ബാലാശ്രമം അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.