കോഴിക്കോട്: സംസ്ഥാനത്ത് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന. വിമാനത്താവളത്തില്‍ നിന്ന് വീണ്ടും കോടികളുടെ സ്വര്‍ണം പിടികൂടി. കസ്റ്റംസും പൊലീസും ഡിആര്‍ഐയും ചേര്‍ന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് രണ്ടുദിവസത്തിനിടെ പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീ
ഉള്‍പ്പെടെ നാല് യാത്രക്കാരെയും അറസ്റ്റ് ചെയ്തു.
ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് രണ്ടുകിലോ മുന്നൂറ്റി നാല് ഗ്രാം സ്വര്‍ണം പിടികൂടിയത്. മലപ്പുറം മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ മൂത്തേടത്ത്, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആശ തോമസ്, കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതോടെ കരിപ്പൂരില്‍ ഈ വര്‍ഷം പൊലീസ് പിടികൂടുന്ന 39-ാമത്തെ കേസാണിത്.
മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മൂന്നുപേരില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന് ഒരു കോടി എണ്‍പത്തഞ്ച് ലക്ഷം രൂപ വിലവരും. അതിനിടെ കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിന് പുറത്ത് എത്തിയ കാസര്‍ഗോഡ് സ്വദേശി ബിഷറാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കുള്ള വസ്ത്രത്തിന്റെ ബട്ടന്‍സിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന 235 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു.