കൊച്ചിയിൽനിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി: പ്രതികൾ പിടിയിലായത് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന്


കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി (26) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന അസം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്.

ഈ കുടുംബത്തിന്റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. കുട്ടികളുടെ മാതാപിതാക്കളുമായി ഷാഹിദയ്ക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. ഇവിടെനിന്നു നൽകിയ വിവരത്തെ തുടർന്ന് ഈ കുട്ടികളെയും ഷാഹിദ എന്ന യുവതിയെയും ഗുവാഹത്തി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവരെ എറണാകുളത്ത് എത്തിക്കാനായി പൊലീസ് സംഘം അവിടേക്കു പുറപ്പെട്ടു.

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവരെ പ്രതികൾ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തിലെത്തി ടിക്കറ്റെടുത്ത് ഇവർ ഗുവാഹത്തിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം. പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകാൻ സഹായിച്ചവരെ പിടികൂടിയതും കുട്ടികളെ ഗുവാഹത്തി വിമാനത്താവളത്തിൽവച്ച് കണ്ടെത്തിയതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.