നവകേരള സദസ്സിന് ഇന്ന് സമാപനം : കനത്ത സുരക്ഷ


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. കഴിഞ്ഞ മാസം 18 ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക.

വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം നടക്കുന്നത്. അതേസമയം ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലൊരുക്കിയിരിക്കുന്നത്.