മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത്; വി ശിവൻകുട്ടി


തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത് എന്ന് വ്യക്തമായിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സഹിക്ക വയ്യാതെയാണ് വി എം സുധീരൻ പൊട്ടിത്തെറിച്ചത് എന്നാണ് കാണുമ്പോൾ മനസ്സിലാകുന്നത്. തൊണ്ണൂറുകളിലെ തുടക്കത്തിൽ കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ ഈ രാജ്യത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതം സ്ഥിരമായി ദുസ്സഹമാക്കി. നരസിംഹറാവുവും മൻമോഹൻ സിംഗും നടപ്പാക്കിയ നയങ്ങൾ ബിജെപിയ്ക്ക് വഴിയൊരുക്കി എന്ന ഇടതുപക്ഷ വിമർശനങ്ങളെ ശരിവച്ചിരിക്കുകയാണ് വി എം സുധീരനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ കുറിച്ച് കൃത്യമായ അപായ സൂചനകളും വിമർശനങ്ങളും എന്നും ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ബി ജെ പിയുടെ തീവ്രഹിന്ദുത്വ നിലപാടുകൾക്ക് കുട പിടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഈ വിമർശനങ്ങളെയും വി എം സുധീരൻ ശരിവച്ചിരിക്കുകയാണ്.കോൺഗ്രസിനകത്ത് അവസരവാദ നയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് സുധീരന്റെ തുറന്നു പറച്ചിൽ. മതനിരപേക്ഷ, ജനോപകാര നിലപാടുകളോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുത വി എം സുധീരന്റെ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കെ സുധാകരനും വി ഡി സതീശനും സംസ്ഥാന കോൺഗ്രസ് തലപ്പത്ത് എത്തിയതിന് ശേഷം രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല സഹപ്രവർത്തകരോട് പോലും മോശം പെരുമാറ്റമാണ് എന്നതിന്റെ ഉത്തമ തെളിവാണ് വി എം സുധീരന്റെ വാക്കുകൾ. നിഷേധാത്മക രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.