‘കൂടത്തായി കൊലപാതക കേസുകൾ റദ്ദാക്കണം, അത് വെറും ഭൂമിതർക്ക കേസ്’ – ജോളിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി ജോളി കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഭൂമി തര്‍ക്കമാണ് കൊലപാതക കേസായി മാറിയത്, ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ശാസ്ത്രീയ തെളിവുകളില്ല, കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്നുമാണ് ജോളിയുടെ ആവശ്യം. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
2019-ലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ കഥ ലോകം അറിയുന്നത്. അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്റെ കാരണം തേടിയ അന്വേഷണം എത്തിച്ചേർന്നത് ജോളിയിലേക്കാണ്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു ജോളി അറസ്റ്റിലായത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്.
കൂടത്തായിയിലെ റിട്ട. അധ്യാപികയായ അന്നമ്മ തോമസാണ് (2002 ഓഗസ്റ്റ് 22) ആദ്യം മരിച്ചത്. ആറ് വര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും പിന്നാലെ മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു. 2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരൻ എം എം മാത്യുവും ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു. 2016 ജനുവരി 11-ന് ഷാജുവിന്റെ ഭാര്യ സിലിയാണ് അവസാനമായി മരിച്ചത്.
ഇവരെല്ലാവരും സമാനസാഹചര്യത്തിലാണ് മരിച്ചത്. തുടർന്ന് റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി. ടോം തോമസിന്റെ സംശയമാണ് മകന്‍ റോജോ തോമസ് 2019 ജൂലൈയില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കാൻ കാരണമായത്. എന്നാൽ സ്വത്ത് തര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല.
കെ ജി സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തതോടെ പരാതി വീണ്ടും എത്തുകയും സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയുമായിരുന്നു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നറിഞ്ഞതോടെയാണ് അന്വേഷണം പുരോഗമിക്കുന്നതും ജോളിയിലേക്ക് കേസെത്തിയതും.