ഫേസ്ബുക്കിൽ ശ്രദ്ധ നേടിയ ബീന സണ്ണി താനാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മലപ്പുറം സ്വദേശി മരിച്ച നിലയിൽ
തിരുവനന്തപുരം: ഫേസ്‌ബുക്കിലെ ഫേക്ക് ഐഡി താനാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മലപ്പുറം സ്വദേശിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മേലാറ്റൂർ പുല്ലിക്കുത്ത് വരിക്കോട്ടിൽ ഉണ്ണി ഗോപാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നാം പുത്തൻ തെരുവിലെ വാടക വീട്ടിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്.
ഒരു പത്രത്തിൽ കുറച്ചുകാലം പരസ്യവിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. ഫേസ്ബുക്കിൽ ഏറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ബീന സണ്ണി എന്ന ഫേക്ക് ഐഡി തന്റേതാണെന്ന് വെളിപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഉണ്ണി ഗോപാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫേസ്ബുക്കിലെ ഇടത് പ്രൊഫൈൽ എന്ന നിലയിൽ സജീവമായിരുന്നു ഈ ഐഡി. ഇതിലെ ഉള്ളടക്കത്തിനെതിരെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി പേർ പരാതി നൽകിയിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് കുടുംബശ്രീയുടെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോര്‍ട്ട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പരേതരായ രാവുണ്ണി എഴുത്തച്ഛന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്.