‘കേരളം മദ്യവരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നത് കുപ്രചാരണം, മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവ്:’ മന്ത്രി എംബി രാജേഷ്


തൃശൂർ: മദ്യത്തിൽ നിന്നുള്ള വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാൾ താരതമ്യേന കുറവായിട്ടും മദ്യത്തെ ആശ്രയിച്ചാണ് കേരളം കഴിഞ്ഞുകൂടുന്നതെന്ന കുപ്രചാരണമാണ് കഴിഞ്ഞ കുറേകാലങ്ങളായി നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നികുതി പിരിക്കാനുള്ള അധികാരം മുഴുവൻ കവർന്നെടുക്കുകയും ചിലതുമാത്രം വിട്ടുകൊടുക്കുകയും ചെയ്ത ശേഷം മദ്യത്തെ ആശ്രയിച്ചാണ് സർക്കാർ നിലനിൽക്കുന്നതെന്ന് പറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ എന്നും മന്ത്രി ചോദിച്ചു. സംസ്ഥാനങ്ങളുടെ നികുതി സ്രോതസുകൾ കവർന്നെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

2022-23ൽ കേരളത്തിന്റെ തനതു നികുതി-നികുതിയേതര വരുമാനം 85,554 കോടി രൂപയാണ്. മദ്യവരുമാനം 17,719 കോടി രൂപയും. ഇതു കേരളത്തിന്റെ തനതുവരുമാനത്തിന്റെ ഏകദേശം 20 ശതമാനം മാത്രം വരുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോട്ടറിയുടെ കാര്യം ഇതിലും തമാശയാണ്. 1038 കോടി രൂപ മാത്രമാണ് ലോട്ടറിയില്‍ നിന്നുള്ള വരുമാനം. മദ്യവും ലോട്ടറിയും ചേർത്താൽ പോലും മറ്റു സംസ്ഥാനങ്ങൾ മദ്യത്തിൽ നിന്നുണ്ടാക്കുന്ന വരുമാനം കേരളത്തിൽ ഉണ്ടാകുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു.