മിഷൻ ബേലൂർ മഗ്‌ന നാലാം ദിവസത്തിലേക്ക്, മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും


വയനാട്: മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. കാട്ടുകൊമ്പനായ ബേലൂർ മഗ്‌നയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ഉൾക്കാട്ടിലൂടെയാണ് ആന സഞ്ചരിക്കുന്നത്. ട്രാക്ക് ചെയ്ത് അടുത്തെത്തുമ്പോഴേക്കും മറ്റു വന്യമൃഗങ്ങളുടെ സാന്നിധ്യം മയക്കുവെടി വയ്ക്കുന്നതിന് തിരിച്ചടി സൃഷ്ടിക്കുകയാണ്. നിലവിൽ, മറ്റൊരു മോഴയെ കൂട്ടുപിടിച്ചാണ് ബേലൂർ മഗ്‌നയുടെ സഞ്ചാരം. ആനയെ പിടികൂടാനുള്ള ദൗത്യം നീളുന്നതിനാൽ വയനാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ദൗത്യസംഘത്തിന് മുന്നിൽ വന്യമൃഗങ്ങളായ കടുവ, പുലി എന്നിവയാണ് എത്തുന്നത്. സ്ഥലവും സന്ദർഭവും അനുയോജ്യമായാൽ മാത്രമേ മഴക്കുവെടി വയ്ക്കുകയുള്ളൂ എന്ന് ഇതിനകം തന്നെ അധികൃതർ അറിയിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള കുങ്കിയാനകളെ കാണുമ്പോൾ ബേലൂർ മഗ്‌ന പിന്തിരിഞ്ഞോടുകയാണ്. ഇന്നലെ രണ്ട് തവണ മയക്കുവെടി വയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും, ദൗത്യം പരാജയപ്പെടുകയായിരുന്നു.