സാത്താൻ വർഷിപ്പിൽ ആർത്തവ രക്തം തീർത്ഥം: ചർച്ചചെയ്യാതെ പോകുന്ന ബ്ലാക്ക് മാജിക് അഡിക്ഷനെക്കുറിച്ച് അഞ്ജുപാർവതി


ഇറ്റാനഗറിൽ നവീൻ -ദേവി ദമ്പതികളുടെയും ആര്യ നായർ എന്ന അദ്ധ്യാപികയുടെ ആത്മഹത്യവാർത്ത ബ്ളാക് മാജിക്കിനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുകയാണ്. നന്ദൻകോട് കൂട്ട കൊലപാതകവും കേഡൽ ജിൻസൺ രാജയും ആസ്ട്രൽ പ്രൊജക്ഷനും ഇലന്തൂരിലെ നരബലിയും ഒക്കെ കുറച്ചു നാളത്തെ വാർത്തകളിൽ നിരന്നു നിന്നത് മാത്രമല്ലാതെ ബ്ലാക്ക് മാജിക് അഡിക്ഷനെക്കുറിച്ച് ചർച്ച ചെയ്യപ്പെടാതെ കടന്നു പോകുകയാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ജു പാർവതി പറയുന്നു.

READ ALSO: നവീനും ദേവിയും മരിക്കാൻ എന്തുകൊണ്ട് അരുണാചൽ തിരഞ്ഞെടുത്തു? ആര്യയെ സ്വാധീനിച്ചത് ദേവി?

കുറിപ്പ്

വെറുമൊരു വാർത്തയായി, വാർത്തയ്ക്ക് കീഴിലെ കളിയാക്കൽ കമന്റുകളും ഹ ഹ യുമായി എഴുതിത്തള്ളേണ്ട ഒന്നല്ല ഇറ്റാനഗറിൽ ആത്മഹത്യ ചെയ്ത നവീൻ -ദേവി ദമ്പതികളുടെയും ആര്യ നായർ എന്ന അദ്ധ്യാപിക പെൺകുട്ടിയുടെയും വാർത്ത. നമ്മൾ അറിയാത്ത, അല്ലെങ്കിൽ സങ്കല്പിക്കുക പോലും ചെയ്യാത്ത പലതിനും അഡിക്ട് ആണ് ഇന്നത്തെ യുവത്വം.

നന്ദൻകോട് കൂട്ട കൊലപാതകവും കേഡൽ ജിൻസൺ രാജയും ആസ്ട്രൽ പ്രൊജക്ഷനും കുറേ നാളത്തെ ഹൈപ്പ് ഉള്ള വാർത്തകളായി ഒടുങ്ങി തീർന്നങ്കിലും ഞങ്ങൾ പ്രദേശവാസികൾക്ക് അത് ഇന്നും അമ്പരപ്പ് തീരാത്ത, നോവുന്ന ഒരു സംഭവമാണ്. എനിക്ക് അടുത്ത് അറിയാവുന്ന ഡോക്ടർ ജീൻ പത്മ ആന്റി , അവരുടെ കുഞ്ഞമ്മ കൂടിയായ കണ്ണ് കാണാൻ വയ്യാത്ത ലളിത ആന്റി, ഒപ്പം കരോളിൻ, പ്രൊഫ. രാജാതങ്കം തുടങ്ങിയവരുടെ ദാരുണ കൊലയ്ക്ക് കാരണം സാത്താൻ സേവ ആയിരുന്നു എന്ന് ഇന്നും വിശ്വസിക്കുന്നുണ്ട് പ്രദേശവാസികൾ പലരും. പക്ഷേ അതൊക്കെയും പരസ്യമാക്കാതെ, എന്തിന് വെറുതെ വയ്യാവേലി പിടിക്കുന്നു എന്നോർത്ത് ആരും അത് സംസാരിക്കുന്നില്ല എന്നേയുള്ളൂ.

കോട്ടയം ബേസ് ചെയ്ത് സാത്താൻ സേവ നടത്തുന്ന, അതിൽ വിശ്വസിക്കുന്ന ഒരുപാട് പേർ ഉണ്ടെന്ന് ഒരിക്കൽ ചർച്ച ആയ വിഷയമാണ്. പക്ഷേ അതിന്റെ പിന്നാലെ പോയി ഏണി പിടിക്കുവാൻ ആർക്കും വയ്യ എന്നതാണ് സത്യം. ആസ്ട്രൽ പ്രോജെക്ഷന്റെ പേരിൽ വീട്ടുകാരെ കൊന്നുവെന്ന് പറഞ്ഞ കേഡലും ഇലത്തൂർ നരബലിയും ഈ അടുത്ത സമയത്ത് കേട്ട മറ്റൊരു ദുർമന്ത്രവാദ കൊലയും, ഇപ്പോൾ ഈ ആത്മഹത്യ വാർത്തയും ഒക്കെ വിരൽ ചൂണ്ടുന്നത് ഒന്നാണ് – നമ്മൾ പ്രബുദ്ധർ എന്നും അഭ്യസ്തവിദ്യർ എന്നും ധരിക്കുന്നവർക്കിടയിൽ വരെ പല ദുരാചാര -ആഭിചാര മന്ത്ര-തന്ത്ര കൂടോത്ര വിശ്വാസങ്ങൾ ഉണ്ടെന്ന്. തിരുവനന്തപുരത്ത് ബ്ലാക് മാജിക് കേന്ദ്രങ്ങൾ ഉണ്ടെന്നും രക്തം ആണ് പ്രധാന തീർത്ഥം എന്നും ഇന്ന് ശ്രീ സൂര്യ കൃഷ്ണമൂർത്തി പറഞ്ഞപ്പോൾ ഞെട്ടിയില്ല. കാരണം കോട്ടയം ബേസ്ഡ് ചെയ്ത് സാത്താൻ വർഷിപ്പ് ചെയ്യുന്നവർ ആർത്തവ രക്തം ഒക്കെ തീർത്ഥം ആയി നല്കും എന്ന് എത്രയോ മുന്നേ കേട്ടിട്ടുണ്ട്. ഇനി ഈ നാട്ടിൽ നടക്കുന്നത് ഇതാണ്.

ഈ വാർത്തയിലും മരണപ്പെട്ടവരുടെ മതം മാത്രം ഹൈലൈറ്റ് ചെയ്യിച്ചുക്കൊണ്ട് സനാതന ധർമ്മത്തിന്റെ പേരിൽ കെട്ടിവച്ചുക്കൊണ്ട് അസ്സലായിട്ട് ഒരു religious polarisation!! അതിന്റെ പേരിൽ ചേരി തിരിഞ്ഞു മനുഷ്യർ സോഷ്യൽ മീഡിയയിൽ അങ്കം കുറിക്കും. കുറേ ദിവസം ഓൺലൈൻ മാധ്യമങ്ങളും യൂ ട്യൂബർമാരും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചു പതിവ് പോലെ കഥകൾ മെനയും. അന്വേഷണം മാത്രം എങ്ങും എത്തില്ല. അഡ്രസ്സ് ചെയ്യപ്പെടേണ്ട യഥാർത്ഥ കാരണം ബ്ലാക്ക് മാജിക് അഡിക്ഷൻ എന്നതിലേയ്ക്ക്, അതിലേയ്ക്ക് നയിക്കുന്ന മാസ്റ്റർ ബ്രെയിനുകളിലേയ്ക്ക് ഒന്നും അന്വേഷണം ചെന്നെത്തില്ല.
എന്തോ, വല്ലാത്ത സങ്കടം ഉണ്ടാക്കുന്നു ഈ വാർത്ത. അതും അറിയാവുന്ന ആളുകളുടേത് ആവുമ്പോൾ 😪😪