‘സൂരജ് പാലാക്കാരനെപ്പോലുള്ള ഞരമ്പ് രോഗികൾ ദുരന്തമായി മാറി, ആര്യക്കെതിരെ അശ്‌ളീല പരാമർശം’: പരാതി നൽകി ഡിവൈഎഫ്ഐ
തിരുവനന്തപുരം: പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കു നേരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സൂരജ് പാലാക്കാരനെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ. തിരുവനന്തപുരം മേയറും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യ രാജേന്ദ്രനെ ഉൾപ്പെടെ കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച് അശ്ലീല പരാമർശങ്ങൾ നടത്തി വീഡിയോ ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇത്തരം ആളുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം.
‘നേരത്തെയും സമാനമായ പരാതികൾ ഇയാൾക്കെതിരെ ഉണ്ടാവുകയും കേസുകളിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇത്രയേറെ സംസ്കാരശൂന്യമായി, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പച്ച തെറിയുടെയും അശ്ലീലത്തിന്റെയും അകമ്പടിയോടെവിളിച്ചു പറയുന്ന ഈ ഞരമ്പ് രോഗി ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. ഇത്തരം ആഭാസൻമാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.