53വർഷമായി സിപിഎമ്മിലുള്ള 136സിപിഎമ്മുകാർ ബിജെപിയിൽ: പാർട്ടികൊടിമരം അടിത്തറയോടെ ഇളക്കിമാറ്റിയത് സ്ത്രീകളുടെ നേതൃത്വത്തിൽ



ചേർത്തല: 53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളുംഅടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്.

പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യർത്ഥന പാർട്ടി നേതൃത്വം ചെവിക്കൊള്ളാതെ വന്നതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെത്തി കൊടിമരം നീക്കം ചെയ്യുകയുമായിരുന്നു. കൊടിമരം പൊളിക്കുന്നത് തടയാൻ സിപിഎം വാർഡ് കൗൺസിലർ എത്തിയതോടെ സംഘർഷാവസ്ഥയുമുണ്ടായി‌.

എട്ടുമാസത്തോളം പരതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്. താൽക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടർന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാൽ സാധനങ്ങൾ എത്തിക്കാനാകാതെ വീടുനിർമാണവും മുടങ്ങി.

ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. സിപിഎം ജില്ലാ സെക്രട്ടറി മുതൽ പാർട്ടിയുടെ എല്ലാ ഘടകത്തിലും പൊലിസിലും പരാതി നൽകിയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. ഇതോടെയാണ് സ്ത്രീകൾ ഇറങ്ങി കൊടിമരം വഴിയുടെ നടുവിൽ നിന്ന് നീക്കിയത്. കൊടിമരം നീക്കുന്നതിന് തടസം നിൽക്കുന്നു എന്ന ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ അനൂപ് ചാക്കോ തടയാൻ ശ്രമിച്ചിട്ടും സ്ത്രീകൾ പിൻമാറിയില്ല

പുന്നപ്ര-വയലാർ സമര വാർഷികാചരണത്തിൻ്റെ ഭാഗമായാണ് പുരുഷോത്തമൻ്റെ വീട്ടിലേക്കുള്ള വഴിയിൽ താൽക്കാലികമായി സിപിഎം കൊടിമരം സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും കൊടിമരം നീക്കിയില്ല. മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ താൽക്കാലിക കൊടിമരം കോൺക്രീറ്റ് ഇട്ട് സ്ഥിരമാക്കി. കൊടിമരം സ്ഥാപിക്കുന്നതിന് മുൻപ് വീടിൻ്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു.

കൊടിമരം നിൽക്കുന്നതിനാൽ നിർമാണ വസ്തുക്കൾ എത്തിക്കാനാകാതെ വന്നതോടെ 8 മാസമായി വീട് നിർമാണം മുടങ്ങിയിരിക്കുകയാണ്.കൊടിമരം പ്രശ്നത്തിൽ വേണ്ട രീതിയിൽ ഇടപെടാതെ വന്നതോടെ 53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേർ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

പൊളിച്ച കൊടിമരം വഴിതടസപ്പെടാത്ത തരത്തിൽ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ചേർത്തല പൊലിസിൻ്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടത്തിയാണ് കൊടിമരം വഴിയരികിലേക്ക് നീക്കിയത്. എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നത്തിൽ പാർട്ടി നേതൃത്വം വേണ്ട രീതിയൽ ഇടപെടാതെ വന്നതോടെ ചേർത്തലയിൽ സി.പി.എമ്മിന് വലിയ രാഷ്ട്രീയ നഷ്ടമാണ് ഉണ്ടായത്.