തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ കനക്കുമെന്നു റിപ്പോർട്ട്. മലപ്പുറം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
read also: കുഴൽനാടനും വലതുപക്ഷ മാധ്യമങ്ങളും സൃഷ്ടിച്ച ദുർഗന്ധം മാപ്പു പറഞ്ഞാൽ മാറുമോ ? എം വി ജയരാജൻ
മഴ സജീവമാകുമെന്ന് റിപ്പോർട്ട് വരുമ്പോഴും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും ഉയര്‍ന്നേക്കും.