ബിനോയ് കൊലയ്ക്ക് പിന്നില്‍ അടങ്ങാത്ത പക,ലഹരിവിമുക്ത ചികിത്സയുടെ പേരില്‍ സമൂഹത്തിന് മുന്നില്‍ തന്നെ നാണം കെടുത്തി: പ്രതി


കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. ലഹരി വിമുക്ത ചികിത്സയുടെ പേരില്‍ തന്നെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. 28 കുത്തുകളാണ് കൊല്ലപ്പെട്ട ബിനോയിയുടെ ശരീരത്തിലേറ്റത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി എട്ടുമണിയോടെയാണ് കൊച്ചിയെ നടുക്കിയ കൊലപാതകം നടന്നത്.

തോപ്പുംപടിയാകെ വിറച്ച സംഭവമാണ് ബിനോയ് സ്റ്റാന്‍ലിയുടെ കൊലപാതകം. പ്രതി അലന്‍ ജോസ് കടയില്‍ കയറുന്നതും മനസാക്ഷി മരവിക്കും വിധം ബിനോയിയെ കുത്തികൊല്ലുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. കേസിലെ പ്രതിയായ പുത്തന്‍പാടത്ത് വീട്ടില്‍ അലന്‍ ജോസ് (24) കഴിഞ്ഞ ദിവസം പിടിയിലായി.

പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു അലന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഏറെക്കാലമായി മനസില്‍ കൊണ്ടു നടക്കുന്ന പകയാണ് കൊല്ലാന്‍ കാരണമെന്നാണ് അലന്‍ പറയുന്നത്.

ലഹരിക്കടിമയായ തന്നെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ബിനോയിയുടെ ഭാര്യ ശ്രമിച്ചിരുന്നു. സൈക്കാട്രിസ്റ്റിന്റെ അടുത്ത് എത്തിയതോടെ സമൂഹം തന്നെ ഭ്രാന്തനെപോലെയാണ് കണ്ടത്. എല്ലാത്തിലും ബിനോയിയും ഇടപെട്ടു. ഇതോടെയാണ് ബിനോയിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അലന്‍ മൊഴി നല്‍കി. ബുധനാഴ്ച രാത്രി ഏഴരയോടെ സൗദി സെയ്ന്റ് ആന്റണീസ് സ്‌കൂളിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെത്തിയ പ്രതി ബിനോയിയുമായി സംസാരിക്കുന്നതും വാക്കു തര്‍ക്കമുണ്ടാവുന്നതും പിന്നാലെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണം.

പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലന്‍ തിരിച്ചുപോകുന്നത്. ബിനോയി നിലത്തു വീണ ശേഷവും പലതവണ അലന്‍ കത്തികൊണ്ട് കുത്തി. ഇതിനുശേഷം കത്തി അരയില്‍ തിരുകിയശേഷം അലന്‍ തിരിച്ചു പോവുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വന്‍ പൊലീസ് സന്നാഹത്തില്‍ ആദ്യം തോപ്പുംപടിയിലെ സ്വന്തം വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ അരുംകൊല നടന്ന തോപ്പുംപടി സൗദിയിലെ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.