മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം 77കാരിയായ അമ്മ ജീവനൊടുക്കി: ദാരുണ സംഭവം നെയ്യാറ്റിന്‍കരയില്‍


തിരുവനന്തപുരം: മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയാണ് ലീല ജീവനൊടുക്കിയത്. ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ലീലയുടെയും ബിന്ദുവിന്റെയും ഭര്‍ത്താക്കന്മാര്‍ നേരത്തെ മരിച്ചിരുന്നു. ലീലയുടെ മകന്‍ മാസങ്ങള്‍ക്ക് മുമ്പാണ് അപകടത്തില്‍ മരിച്ചത്. ബിന്ദുവിന്റെ മകന്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)