തത്ക്കാലം ഇനി മത്സരരംഗത്തേക്ക് ഇല്ല, ചെറുപ്പക്കാര്‍ വരട്ടെ, സജീവ പൊതുപ്രവർത്തനത്തില്‍ നിന്നും പിന്മാറുന്നു: മുരളീധരന്‍
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനു പിന്നാലെ മത്സര രംഗത്ത് നിന്നും തത്ക്കാലം വിട്ടു നില്‍ക്കുന്നതായി തൃശൂർ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്‍. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയോട് വളരെ ദയനീയ പരാജയമാണ് മുരളീധരന് നേരിടേണ്ടി വന്നത്.
‘സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം. ഇനി ചെറുപ്പക്കാര്‍ വരട്ടെ. സജീവ പൊതുപ്രവർത്തനത്തില്‍ നിന്നും മത്സരരംഗത്ത് നിന്നും തത്ക്കാലം മാറി നില്‍ക്കാനാണ് തീരുമാനം. തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്നും’ മുരളീധരൻ പറഞ്ഞു.
read also: സുരേഷ് ഗോപിയുടേത് ആരും ആഗ്രഹിക്കാത്ത വിജയം, സുനില്‍ കുമാറിന് ജയിക്കാൻ കഴിയാത്തത് നാണക്കേട്: കെ.മുരളീധരൻ
‘വടകരയില്‍ താന്‍ മാറി ഷാഫി എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്നതു പോലെ അടുത്ത തവണ തൃശൂരില്‍ മത്സരിക്കാന്‍ ചെറുപ്പക്കാര്‍ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാര്‍ മത്സരിക്കണം. എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു. സംഘടനാ സംവിധാനം കേരളത്തില്‍ മൊത്തത്തില്‍ പ്രയാസത്തിലാണ്. അതു മാറ്റിയെടുക്കേണ്ടതുണ്ട്. തൃശൂരില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും ദുഖം ഉണ്ടാവില്ലായിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്. ഇവിടെ താൻ വന്ന് മത്സരിച്ചിട്ടു പോലും അവര്‍ അക്കൗണ്ട് തുറന്നു എന്നത് വിഷമിപ്പിക്കുന്നതാണ്. സ്ഥാനാര്‍ഥി പോലും മര്യാദയ്ക്ക് പ്രവര്‍ത്തിക്കാത്ത മണ്ഡലത്തില്‍ ബിജെപിക്ക് ഇത്ര വോട്ട് കിട്ടണമെന്ന് ഉണ്ടെങ്കില്‍ നല്ല അടിയൊഴുക്ക് ഉണ്ടായിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.