സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകില്ല: രക്ഷയായത് ഈ സംസ്ഥാനത്തെ സീറ്റ്


ന്യൂഡൽഹി: കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാനാകില്ലെങ്കിലും സിപിഎമ്മിന് ആശ്വസിക്കാൻ വകകൾ ഏറെയാണ്. തങ്ങളുടെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല എന്നതും പാർലമെന്റിലെ ഏറ്റവും വലിയ ഇടത് പാർട്ടി തങ്ങളാണെന്നതും സിപിഎമ്മിന് ആശ്വാസമാണ്. രാജസ്ഥാനിൽ ഒരു സീറ്റിൽ ജയിക്കാനായതാണ് സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകാതിരിക്കാൻ കാരണമാകുക.

പതിനേഴാം ലോക്സഭയിൽ സിപിഎമ്മിന് മൂന്ന് അം​ഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അത് നാലായി ഉയർന്നു.രാജസ്ഥാനിൽ ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ 4 സംസ്ഥാനങ്ങളിൽ സിപിഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്.

ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്. സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്.സിപിഎം 4, സിപിഐ 2, സിപിഐ എംഎൽ 2 എന്നിങ്ങനെയാണ് പതിനെട്ടാം ലോക്സഭയിലെ ഇടതുപക്ഷത്തിന്റെ അം​​ഗബലം.

കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണു ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു.