സഹകരണ സംഘം തട്ടിപ്പ്; ഒളിവില്‍ പോയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍


കാസര്‍കോട്: കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഒളിവിൽ പോയ മുഖ്യപ്രതിയടക്കം രണ്ട് പേർ പിടിയില്‍. സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവും സൊസൈറ്റി സെക്രട്ടറിയുമായ കർമ്മംതൊടി സ്വദേശി കെ രതീശൻ,ഇയാളുടെ റിയല്‍ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരെയാണ് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നും പൊലീസ് പിടിയിലായത്.

സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ വ്യാജ സ്വർണപ്പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് കെ രതീശൻ നടത്തിയത്. കഴിഞ്ഞ മാസം 13ന് ആണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

read also: ബാദുഷ മെമ്മോറിയൽ കാർട്ടൂൺ / കാരിക്കേച്ചർ അവാർഡുകൾ പ്രഖ്യാപിച്ചു

രതീശൻ സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം അനില്‍കുമാർ, ഗഫൂർ, ബഷീർ എന്നിവരുടെ സഹായത്തോടെ പണയം വെച്ചിരുന്നു. ഇവർ അറസ്റ്റിലായിട്ടുണ്ട്. 185 പവൻ അന്വേഷണ സംഘം വിവിധ ബാങ്കുകളില്‍ നിന്ന് തിരിച്ചുപിടിച്ചു. പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി ആരംഭിച്ചത്. പിടിയിലായ പ്രതികളെ കാസര്‍കോട് എത്തിച്ച്‌ ചോദ്യം ചെയ്യും.