ആശങ്കയുയർത്തി സംസ്ഥാനത്തെ പേവിഷബാധ: ആറു മാസത്തിനിടെ മരിച്ചത് 16 പേർ, ഏറെയും കുട്ടികളും ചെറുപ്പക്കാരും
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണം ആശങ്കയുയർത്തുന്നു. ആറു മാസത്തിനിടെ 16 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് മരണവും സമാന ലക്ഷണങ്ങളോടെയാണ്. ഒരാഴ്ചക്കിടെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ ഏറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. പേവിഷബാധക്കെതിരെ ഊർജിത പ്രതിരോധം നടത്തുന്നതായി ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന മരണക്കണക്കുകൾ പുറത്തുവരുന്നത്.
നായ്കളുടെയോ പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുടെയോ കടിയോ, മാന്തലോ ഏറ്റാൽ പ്രതിരോധ കുത്തിവെപ്പ് യഥാസമയം എടുക്കാത്തതുമൂലം സംഭവിക്കുന്ന മരണങ്ങളാണ് വർധനക്ക് കാരണമെന്ന് ആരോഗ്യവകുപ്പ്. തെരുവുനായ് ആക്രമണം മൂലം സംഭവിക്കുന്ന പേവിഷബാധയും വർധിക്കുകയാണ്. നാല് വര്‍ഷത്തിനിടെ തെരുവുനായ് ആക്രമണത്തിൽ പേവിഷബാധയേറ്റ് മരിച്ചത് 47 പേരാണ്. 2020 മുതല്‍ 2024 ജനുവരി വരെയുള്ള കണക്കുകളാണിത്.
ഇക്കാലയളവിൽ പത്ത് ലക്ഷത്തിലധികം പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. 22 പേരുടെ മരണകാരണം പേ വിഷബാധയാണെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
നാല് വര്‍ഷത്തിനിടെ കൊല്ലം ജില്ലയില്‍ മാത്രം 10 പേര്‍ക്കാണ് പേ വിഷബാധയിൽ ജീവന് നഷ്ടമായത്. തിരുവനന്തപുരത്ത് ഒമ്പത് പേരും കണ്ണൂരില്‍ അഞ്ച് പേരും മരിച്ചു. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാലുപേര്‍ വീതമാണ് മരിച്ചത്. എറണാകുളത്ത് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിട്ടും പേവിഷ മരണം സംഭവിക്കുന്നതും ആശങ്ക ഉണ്ടാക്കുന്നു. 2030ഓടെ സമ്പൂർണ പേവിഷ നിർമാർജനം സാധ്യമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കർമപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനം നടന്നുവരികയാണ്. അതിനിടയിലാണ് പേവിഷമരണങ്ങളുടെ വർധന. ലോകത്തെ പേവിഷമരണങ്ങളിൽ 36 ശതമാനവും ഇന്ത്യയിലാണ്. അതിൽ നല്ലൊരുപങ്ക് കേരളത്തിലാണെന്നതും ആശങ്ക കൂട്ടുന്നു.