ബാര്‍ ഉടമകളുടെ വാട്സാപ് ഗ്രൂപ്പില്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.
Read Also: കുവൈറ്റില്‍ മരിച്ച 23 മലയാളികള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്,വിമാനത്താവളത്തില്‍ ഹൃദയഭേദകമായ കാഴ്ചകള്‍
വിവാദ ശബ്ദരേഖ പ്രത്യക്ഷപ്പെട്ട ബാറുടമകളുടെ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. വാട്‌സാപ് അഡ്മിന്‍ സ്ഥാനത്തുനിന്നും അര്‍ജുന്‍ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നാണ് ക്രെംബ്രാഞ്ച് പറഞ്ഞത്.
എന്നാല്‍ അര്‍ജുന്‍ ഇതു നിഷേധിച്ചു. താന്‍ വാട്സാപ് ഗ്രൂപ്പില്‍ ഇല്ലെന്ന് അര്‍ജുന്‍ മറുപടി നല്‍കി. ഭാര്യാപിതാവിന് ബാര്‍ ഉണ്ടായിരുന്നു എന്നും അര്‍ജുന്‍ വ്യക്തമാക്കി. വിവാദത്തില്‍ നിന്ന് തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അര്‍ജുന്‍ ആരോപിച്ചിരുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്.