കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ വെന്തു മരിച്ചു. ചാത്തന്നൂർ കാരക്കോട് കുരിശിൻമൂടിനു സമീപത്താണ് സംഭവം. ഞായറാഴ്ച വൈകീട്ട് 6.45-നു . നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ നിർത്തിയിട്ടിരുന്നത്.
ആശുപത്രിക്ക് സമീപം നിർത്തിയ വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാല്‍ കാറിന്‍റെ വാതില്‍ തുറക്കാൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാല്‍ പരവൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ മരിച്ചിരുന്നു.
read also: ആമയെ ജീവനോടെ ചുട്ട് യുവാക്കള്‍: വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ കേസ്
ചിറക്കറ തട്ടാരുകോണം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. ഇദ്ദേഹത്തെ ഞായറാഴ്ച ഉച്ച മുതല്‍ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മരുമകന്റേതാണ് കാർ.