ചെറുകുപ്പികളിലാക്കി ശരീരത്തിൽ ഒളിപ്പിക്കും: ഹെറോയിനും കഞ്ചാവും ഇടപാടുകാർക്ക് നേരിട്ടെത്തിക്കുന്നതും 18 കാരി



കൊച്ചി: ഹെറോയിൻ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്ന ബം​ഗാളി യുവതിയും കൂട്ടാളിയും പിടിയിൽ. പശ്ചിമബംഗാൾ നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൺ (18), അസം നൗഗോൺ അബഗാൻ സ്വദേശി ബഹാറുൾ ഇസ്ലാം (24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 10 ലക്ഷം വിലമതിക്കുന്ന ഓറഞ്ച് ലൈൻ വിഭാഗത്തിൽപ്പെട്ട 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും 19,500 രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ചെറുകുപ്പികളിലാക്കി ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഒട്ടിച്ചാണ് യുവതി ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചിരുന്നത്.ടാനിയ പർവീൻ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് ബഹാറുള്ളാണ് ചെറുകുപ്പികളിലാക്കുന്നത്. പിന്നീട് ടാനിയ തന്നെ ഇടപാടുകാർക്ക് നേരിട്ടെത്തിച്ച് കൊടുക്കും. പിടിയിലാകുമ്പോൾ 100 ഗ്രാം ഹെറോയിൻ വീതം 200 ചെറുകുപ്പികളിലാക്കി ഇടപാടുകാർക്ക് കൈമാറാൻ സൂക്ഷിച്ചിരുന്നു. 550 ഒഴിഞ്ഞകുപ്പികളും കണ്ടെടുത്തു.

രണ്ട് മാസം മുമ്പ് പിടിയിലായ യുവാവിൽ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാർക്ക് മയക്കുമരുന്ന് കൈമാറി ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോകുന്നതായിരുന്നു രീതി. പിടിക്കപ്പെടാതിരിക്കാൻ ഓരോ തവണയും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.

ടവർ ലൊക്കേഷൻ പരിശോധനയിൽ പ്രതികൾ മുപ്പത്തടത്തുള്ളതായി കണ്ടെത്തി. കഴിഞ്ഞദിവസം താമസസ്ഥലം വളഞ്ഞ് പിടികൂടുകയായിരുന്നു. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന ആസമിലെ കരീംഗഞ്ചിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് നിഗമനം.

കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലുമുണ്ടാകുമെന്നും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.