പ്രായപൂർത്തിയായപ്പോൾ അതിജീവിതയെ വിവാഹം ചെയ്യാൻ പോക്സോ പ്രതിക്ക് പരോൾ; എല്ലാം പെൺകുട്ടിയുടെ നല്ലതിനെന്ന് കോടതി


16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലില്‍ കഴിയുന്ന പ്രതിക്ക് അതിജീവിതയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. രണ്ട് വർഷം മുമ്പ് പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായതോടെയാണ് വിവാഹം നടത്താൻ തീരുമാനിച്ചത്.

15 ദിവസത്തെ ജാമ്യമാണ് പ്രതിക്ക് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെ വിവാഹത്തിനുള്ള സമ്മർദ്ദം ഏറിയിരുന്നു. ലൈംഗികാതിക്രമക്കേസിൽ ശിക്ഷയനുഭവിക്കുന്ന 23 കാരനാണ് കുഞ്ഞിന്റെ പിതാവെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു.

15 ദിവസത്തെ പരോളിന് ശേഷം പ്രതി ജൂലൈ 3ന് വൈകീട്ടോടെ ജയിലിൽ തിരിച്ചെത്തണം. മാത്രമല്ല, ജൂലൈ നാലിന് വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. കുഞ്ഞിനെ സംരക്ഷിക്കാനും അമ്മയെ പിന്തുണയ്ക്കാനുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. രണ്ട് കുടുംബങ്ങളും പെൺകുട്ടിയും യുവാവും വിവാഹിതരായി ജീവിക്കാൻ ആഗ്രഹിക്കുന്ന പശ്ചാത്തലത്തിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിലാണ് വിധി. ലൈംഗികാതിക്രമം നേരിടുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും ഒമ്പത് മാസ്സവുമായിരുന്നു പ്രായം. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.