നവോത്ഥാന സമിതി അധ്യക്ഷൻ വെള്ളാപ്പള്ളിയോടുള്ള എതിർപ്പ്, സഹകരണം അവസാനിപ്പിക്കാൻ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ
പത്തനംതിട്ട: നവോത്ഥാന സംരക്ഷണ സമിതിയുമായുള്ള സഹകരണം നിർത്തിവയ്ക്കാൻ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗത്തിൻ്റെ തീരുമാനം. സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ സാമുദായിക സൗഹാർദ്ദത്തെ തകർക്കുന്നതാണെന്ന് യോഗം ആരോപിച്ചു.
വസ്തുതാ വിരുദ്ധവും ജനങ്ങൾക്കിടയിൽ ഛിദ്രത വളർത്തുന്നതുമായ പ്രസ്താവനയാണ് നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി വ്യക്തമാക്കി. ഇടത്, വലത് മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു.
ഈ പ്രസ്താവനയുണ്ടാക്കിയ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലില്‍ ഉള്‍പ്പടെ വെള്ളാപ്പള്ളി ഇടത്, വലത് മുന്നണികള്‍ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്. പിണറായി സര്‍ക്കാര്‍ മുസ്ലിമുകള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോരി നല്‍കുന്നുവെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു.
കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന സംബന്ധിച്ച് സർക്കാർ മൗനം പാലിക്കുകയാണ്. താൽക്കാലിക നിയമനം എന്ന മറവിൽ യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ നടത്തുന്ന നിയമനങ്ങൾ കേരളത്തിലെ സംവരണ സംവിധാനത്തെ അട്ടിമറിക്കുകയാണെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് പറഞ്ഞു.
തൊഴിൽ മേഖലകളിൽ ഓരോ സമുദായത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച് സർക്കാർ ധവള പത്രം പുറപ്പെടുവിപ്പിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ആവശ്യപ്പെട്ടു.പ്രസ്താവനയില്‍ വെള്ളാപ്പള്ളി നടേശനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. മുഖപത്രമായ സിറാജിലെ ലേഖനത്തിലൂടെയായിരുന്നു വിമര്‍ശനം. ഇടത് സര്‍ക്കാറിന്റെ നവോത്ഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.