ഈരാറ്റുപേട്ട കള്ളനോട്ട് കേസ്: മുഖ്യപ്രതിയുൾപ്പെടെയുള്ള സംഘം പിടിയിൽ


കോട്ടയം: കള്ളനോട്ട് ബാങ്കിന്റെ സിഡിഎമ്മിൽ നിക്ഷേപിച്ച പ്രതികൾ പിടിയിൽ. ബാങ്കിന്റെ സിഡിഎമ്മിൽനിന്ന് കള്ളനോട്ടുകൾ കിട്ടിയിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി തടിയൻ വീട്ടിൽ അഷറഫ് റ്റി സി (36), ആലത്തൂർ മേലോർകോട് വട്ടോമ്പോടം വീട്ടിൽ ജെലീൽ ജെ (41) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽനിന്ന് കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, ഫിറോസ് എന്നിവരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് കൂടുതൽ തെളിവുകൾ പുറത്ത് വന്നത്.

ഇവർക്ക് കള്ളനോട്ട് എത്തിച്ചുനൽകിയത് പാലക്കാട് സ്വദേശി ആണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം പാലക്കാട് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. ചോദ്യംചെയ്യലിൽ ഇവരാണ് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളിൽനിന്ന് തൊടുപുഴയിൽവെച്ച് 3,50,000 രൂപ കൈപ്പറ്റിയതിനുശേഷം 2,33,500 രൂപയുടെ കള്ള നോട്ടുകൾ കൊടുത്തതെന്ന് വ്യക്തമായി.

തുടർന്ന് ജലീലിന്റെ വീട് പരിശോധിച്ചു. കള്ളനോട്ടുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിങ് മെഷീനും ലോഹ നിർമ്മിത വിഗ്രഹവും സ്വർണ്ണ നിറത്തിലുള്ള ലോഹ കട്ടകളും നിരവധി ലോഹനിർമ്മിത കോയിനുകളും ലോഹറാഡുകളും വീട്ടിൽനിന്ന് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.