സിദ്ധാര്‍ത്ഥന്റെ പീഡന മരണം: ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും



കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. രാജ്ഭവനിലെത്തിയാകും ജസ്റ്റിസ് ഹരിപ്രസാദ് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറുക. സര്‍വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സിദ്ധാര്‍ത്ഥന്റെ അച്ഛനമ്മമാര്‍, അധ്യാപകര്‍, സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ അന്വേഷിച്ചത്. സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സര്‍കലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിച്ചത്. മരണത്തില്‍ ബന്ധുക്കള്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെല്ലിന്റെ അന്വേഷണത്തില്‍ സിദ്ധാര്‍ത്ഥ് ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി. പൊലീസ് എഫ്‌ഐആര്‍ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേര്‍ത്തു. കോളേജ് യൂണിയന്‍ പ്രസിഡണ്ട് കെ. അരുണ്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തല്‍. പിന്നീട് കേസ് വിവാദമായതോടെയാണ് പൊലീസ് കൃത്യമായി നടപടിയെക്കാന്‍ തയ്യാറായത്. ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു.

സിദ്ധാര്‍ത്ഥന് ഏല്‍ക്കേണ്ടി വന്ന ക്രൂരമര്‍ദ്ദനം ഒളിച്ചുവെക്കാന്‍ ഡീന്‍ എം കെ നാരായണന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. സിദ്ധാര്‍ത്ഥന്‍ മരിച്ച് നാലാം ദിവസം ഡീന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 22ന് കോളേജില്‍ വെച്ച് നടന്ന അനുശോചന യോഗത്തിലായിരുന്നു ഡീനിന്റെ പ്രസംഗം. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീന്‍ പറയുന്നതും റിപ്പോര്‍ട്ടർ ടി വി പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമായിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.