ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള അലർജി കേരളത്തിന് മാറിയെന്ന് കെ മുരളീധരൻ. എൽഎഫിനും യുഡിഎഫിനും മാറിമാറി വോട്ട് ചെയ്തിരുന്ന വിഭാഗങ്ങൾ ബിജെപിയെ സ്വീകരിക്കുന്നത് ഇരുമുന്നണികളും ഗൗരവത്തോടെ കാണണമെന്ന് മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് നാല് മാസം മുമ്പേ രാജീവ് ചന്ദ്രശേഖരൻ വന്നിരുന്നെങ്കിൽ ചിത്രം മാറിയേനെ എന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം വയനാട് കെപിസിസി ക്യാമ്പിൽ പങ്കെടുക്കാത്തതിൽ പരിഹാസം കലർന്ന മറുപടിയാണ് കെ. മുരളീധരൻ നൽകിയത്. ക്യാമ്പ് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും തനിക്ക് ഇപ്പോൾ ശക്തിയില്ലാത്ത സമയം ആണെന്നും കെ മുരളീധരൻ പറഞ്ഞു.
എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാൽ അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പ്രതികരിച്ചു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ, തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയ്ക്കായുള്ള മുന്നൊരുക്കമാണ് കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവിൽ നടക്കുന്നത്. വിജയത്തിനായുള്ള കർമ്മ പദ്ധതി ക്യാമ്പിൽ ആവിഷ്കരിക്കും.
ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസ് നിർണയിക്കുന്ന കാലമാകും ഇനിയെന്ന് എഐസിസി ജനറൽ സെക്രെട്ടറി കെസി വേണുഗോപാൽ പറഞ്ഞു. നേതൃനിരയിലെ അഭിപ്രായ ഭിന്നത സംഘടനയെ ബാധിക്കരുത് എന്ന് കെ സുധാകരനും എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകണമെന്ന് വിഡി സതീശനും അഭിപ്രായപ്പെട്ടു.