കേരള ഹൈക്കോടതി ജസ്റ്റിസിന്റെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചു,രണ്ട് യുവാക്കള്‍ അറസ്റ്റില്‍: സംഭവം കൊച്ചിയില്‍
കൊച്ചി: കേരള ഹൈക്കോടതി ജസ്റ്റിസിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നഗരത്തിലെ കെ.ടി കോശി റോഡില്‍ ജസ്റ്റില്‍ അനില്‍ കെ നരേന്ദ്രന്റെ വീടിന് മുന്നില്‍ കണ്ടെത്തിയ മാലിന്യം നിറഞ്ഞ കവറുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.
എറണാകുളം നഗരത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇടുക്കി, കാസര്‍കോട് സ്വദേശികളായ ഷാഹുല്‍, കാര്‍ത്തിക് എന്നീ യുവാക്കളാണ് അറസ്റ്റിലായത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാലിന്യമാണ് പ്രതികള്‍ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തള്ളാനായി പോയത്. എന്നാല്‍ ജസ്റ്റിസിന്റെ വീടിന്റെ മുന്നിലെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന 2 കവര്‍ മാലിന്യം താഴെ വീണു. യുവാക്കള്‍ ഇത് അവിടെ തന്നെ ഉപേക്ഷിച്ച് മുന്നോട്ട് പോയി. രാവിലെ ഇത് ശ്രദ്ധയില്‍പെട്ട ഉടന്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ കൊച്ചി സെന്‍ട്രല്‍ പൊലീസെത്തി മാലിന്യം നിറഞ്ഞ കവര്‍ പരിശോധിച്ചു. ഇതിനകത്തുണ്ടായിരുന്ന ബില്ലില്‍ നിന്ന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് യുവാക്കളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.