ഉരുൾപൊട്ടൽ, ചൂരൽമല അങ്ങാടിയുടെ ഒരു ഭാഗം ഒലിച്ചുപോയി: നിരവധിപേർ മണ്ണിനടിയിൽ: അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. 20 പേരെ കാണാനില്ലെന്ന് വാർഡ് മെമ്പർ നൂറുദ്ദീൻ പറഞ്ഞു. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടിയതായാണ് റിപ്പോർട്ട്.
ഉരുൾപൊട്ടിയപ്പോൾ പലരും ഉറക്കത്തിലായിരുന്നു.മന്ത്രി എ കെ ശശീന്ദ്രൻ വയനാട്ടിലേക്ക്. എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി. ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രി. ഗുരുതരമായ സാഹചര്യമെന്ന് എംഎൽഎ ടി സിദ്ദിഖ്. എട്ട് മണിയോടുകൂടി ഹെലികോപ്റ്ററുകൾ എത്തിക്കുമെന്ന് മന്ത്രി. കോഴിക്കോട്ടും കൊല്ലത്തും നിന്നുള്ള എൻഡിആർഎഫ് സംഘമെത്തും.ചൂരൽമല അങ്ങാടിയുടെ ഒരു ഭാഗം ഒലിച്ചുപോയി.
വില്ലേജ് റോഡ് ഭാഗത്ത് വെള്ളം കയറി.ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ രക്ഷാപ്രവർത്തനം ദുഷ്കരം. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതോടെ രക്ഷാപ്രവർത്തകർക്ക് ദുരന്തഭൂമിയിലേക്ക് എത്തിപ്പെടാനാകുന്നില്ല. സൈന്യത്തിന്റെ സഹായം വേണമെന്നാണ് ഇപ്പോൾ ആവശ്യം ഉയരുന്നത്. നിരവധി ആളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. മഴ ശക്തമായി തുടരുന്നതും ആശങ്ക ഉയർത്തുന്നു.