ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ: അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന
കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചില്‍. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.
എന്‍.ഡി.ആര്‍.എഫ്, കെ – 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ – 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയത്.
പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് പരിസരം, സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോള്‍ഡറും മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സമിതി അറിയിച്ചു.