ഈശ്വര്‍ മാല്‍പെയുടെ സംഘവും നാവികസേനാ ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലും അര്‍ജുനെയോ ലോറിയോ കണ്ടെത്താനായില്ല
ഷിരൂര്‍: ബുധനാഴ്ച രാവിലെ മുതല്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലും അര്‍ജുനെയോ ലോറിയോ കണ്ടെത്താനായില്ല.
അഞ്ച് മണിക്കൂറോളമാണ് സംഘം തിരച്ചില്‍ നടത്തിയത്. പുഴയില്‍ അടിഞ്ഞു കൂടിയ ചെളിയാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് തടസമാകുന്നതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പ്രതികരിച്ചു.
ചെളി നീക്കിയാല്‍ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ. ഇതിനായി ഗോവയില്‍ നിന്ന് ഫ്‌ളോട്ടിംഗ് ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും കാര്‍വാര്‍ എംഎല്‍എ അറിയിച്ചു. സിഗ്‌നല്‍ ലഭിച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ചളിയും പാറക്കഷ്ണങ്ങളും മരക്കഷ്ണങ്ങളും അടിഞ്ഞുകൂടി കിടക്കുന്നതാണ് നിലവില്‍ തിരച്ചിലിന് പ്രതിസന്ധിയായിരിക്കുന്നത്.
തുറമുഖത്ത് നിന്ന് പുഴയിലൂടെ ഡ്രഡ്ജര്‍ എത്തിക്കാനാണ് ശ്രമം. സ്വാതന്ത്ര്യ ദിനമായതിനാല്‍ നാളെ എത്തിക്കാനാകില്ല. കേരളത്തില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പറേറ്റര്‍ അസുഖബാധിതനാണ് എന്നായിരുന്നു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. ഈ മറുപടി ലഭിച്ചത് വൈകിയാണെന്നും കാര്‍വാര്‍ എംഎല്‍എ കുറ്റപ്പെടുത്തി. എത്ര സമയമെടുത്താലും ഷിരൂരില്‍ പരിശോധന തുടരുക തന്നെ ചെയ്യുമെന്നും എംഎല്‍എ വ്യക്തമാക്കി.