കല്‍പ്പറ്റ: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളില്‍ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ആയ ജോണ്‍ മത്തായി.
പക്ഷെ ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ് ഇവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം വേണോ എന്നത് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോണ്‍ മത്തായി പറഞ്ഞു. ദുരന്തമേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉരുള്‍ പൊട്ടല്‍ മേഖലയില്‍ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്റര്‍ മഴയുണ്ടായെന്ന് വിദഗ്ധ സംഘം പറഞ്ഞു. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ പരിശോധന നടത്തി. ഇതിന് മുമ്പ് മൂന്ന് തവണ സമാനമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ ദുരന്തമുണ്ടാകാന്‍ കാരണം ഉരുള്‍പൊട്ടി സീതമ്മക്കുണ്ടില്‍ താല്‍ക്കാലിക ഡാം പോലുണ്ടായി. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങള്‍ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും ജോണ്‍ മത്തായി പറഞ്ഞു. ഇപ്പോള്‍ നടത്തിയ പരിശോധയുടെ പ്രാഥമിക റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.