‘മകളെ കണ്ടെത്താൻ സഹായിച്ചതിൽ നന്ദി’: അസമിലേയ്ക്ക് പോകുമെന്ന് 13കാരിയുടെ കുടുംബം, ശിശുക്ഷേമ സമിതി അംഗങ്ങൾ ആന്ധ്രയിലേക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ ഏറ്റുവാങ്ങാൻ ശിശുക്ഷേമസമിതി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലാണ് സംഘം തിരിച്ചത്. സിഡബ്ല്യുസി സംഘം ഇന്ന് വൈകിട്ട് വിശാഖപട്ടണത്ത് എത്തും. ഇന്നുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സംഘത്തിന്റെ ശ്രമം. അതേസമയം മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകൾക്കും പോലീസിനും നന്ദി പറഞ്ഞ് പതിമൂന്നുകാരിയുടെ കുടുംബം.
വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കൾ.