22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

119 പേർ ഇപ്പോഴും കാണാമറയത്ത്: വയനാട് ഉരുൾപൊട്ടലിൽ സർക്കാർ നേതൃത്വം നൽകുന്ന രക്ഷാപ്രവർത്തനം വഴിപാടായി മാറുന്നു

Date:


കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഇനിയും 119 പേരെ കണ്ടെത്താനുണ്ടെങ്കിലും സർക്കാർ നേതൃത്വം നൽകുന്ന രക്ഷാപ്രവർത്തനം വഴിപാടായി മാറുന്നെന്ന ആക്ഷേപം ഉയരുന്നു. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചതും തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസറെ പിൻവലിച്ചതുമാണ് തെരച്ചിലിന് വിഘാതമാകുന്നത്. തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിൽ ശുചീകരണ പ്രവർത്തനങ്ങളിലാണ് സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധ. ഓഗസ്റ്റ് 15ന് ശേഷം മന്ത്രിസഭാ ഉപസമിതിയിലെ അം​ഗങ്ങളും ദുരന്തഭൂമിയിലേക്ക് എത്തിയിട്ടില്ല.

തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാൽ എൻഡിആർഎഫിന് റിലീവിങ് ഓർഡർ നൽകിയിട്ടുമില്ല. ഡിഎൻഎഫലങ്ങൾ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതൽ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചിൽ നിർത്തി.

എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ചൂരൽ മലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. അവർക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികൾ. ആദ്യത്തെ രണ്ടാഴ്ച സജീവമായിരുന്ന മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങൾ ഓഗസ്റ്റ് 15ന് ശേഷം ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടും ഇല്ല. താൽക്കാലിക പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. സ്കൂളുകൾ തുറക്കാനും വൈകുന്നു. തീർപ്പു വേണ്ട ഒരുപാട് വിഷയങ്ങൾ അനന്തമായി നീളുകയാണ്.

അതേസമയം, വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീ​ഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീ​ഗ് നേതാക്കൾ അറിയിച്ചു.

അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകും. 40 കച്ചവടക്കാർക്ക് 50,000 രൂപ വീതം നൽകും. സർക്കാർ പട്ടികയിൽ ഉള്ളവർക്ക് ആണ് ലീഗ് സഹായം നൽകുക. തൊഴിൽ മാർഗമായ ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പ് വാങ്ങി നൽകും, 100 വീടുകൾ നിർമിക്കും, 8 സെൻ്റ് സ്ഥലവും 1,000 സ്ക്വയർ ഫീറ്റ് വീടും, 691 കുടുംബങ്ങൾക്ക് തുകയും നൽകും. ദുരിത ബാധിത മേഖലയിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് യുഎഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. ഇതിനായി 55 അപേക്ഷകളിൽ നിന്ന് 48 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നൽകുക. ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. നിലവിൽ 219 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നു. മറ്റുള്ളവർ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related