രഞ്ജിത്തിനെതിരെ നടി ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിജ സ്ഥിതി മനസിലാക്കാതെ കേസ് എടുക്കാനാകില്ല: മന്ത്രി ആര്‍.ബിന്ദു


കൊച്ചി: രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിജ സ്ഥിതി മനസിലാക്കണം. അതിന് ശേഷം തുടര്‍ നടപടികള്‍ എടുക്കും. ചില മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കു. ഇതില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

അതേ സമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ആക്ഷേപത്തില്‍ കേസെടുക്കില്ല, പരാതി ഉണ്ടെങ്കില്‍ കേസെടുക്കാമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് പറഞ്ഞ മന്ത്രി. പരാതി തരുന്ന മുറയ്ക്ക് മാത്രം നടപടിയെന്ന നിലപാടിലാണ്. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍, നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു.