പാര്‍വതിയ്ക്ക് മുമ്പ് എനിക്ക് വിലക്ക് ലഭിച്ചിട്ടുണ്ട്, പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല: തുറന്നു പറഞ്ഞ് പൃഥ്വിരാജ്
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ മേഖലയിൽ നിന്നും നേരിട്ട ചൂഷണങ്ങൾ വെളിപ്പെടുത്തി നിരവധി നടിമാർ രംഗത്ത് എത്തി. ഈ വിഷയത്തിൽ പ്രതികരണവുമായി നടന് പൃഥ്വിരാജ് സുകുമാരന്‍. ചലച്ചിത്രമേഖലയിലെ നടികൾ ഉയർത്തിയ പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി പൃഥ്വിരാജ് പറഞ്ഞു. അമ്മയുടെ നിലപാട് തിരുത്തണം. ശക്തമായ ഇടപെടലുകളും നടപടികളും അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പറയില്ലെന്നും ഉണ്ടെങ്കില്‍ ഇല്ലാതാകണമെന്നും പൃഥ്വിരാജ് വാർത്താ സമ്മേളത്തിൽ കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണങ്ങളുണ്ടെങ്കില്‍ പഴുതടച്ച അന്വേഷണം വേണം. കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികളുണ്ടാകണം. അങ്ങനെതന്നെയേ ഇതിനൊരു അവസാനമുണ്ടാകൂ. അതല്ല ആരോപണങ്ങള്‍ കള്ളമാണെന്ന് അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം.
നമ്മുടെ നിയമവ്യവസ്ഥിതിയനുസരിച്ച് ഇരകളുടെ പേരുകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേര് സംരക്ഷിക്കാന്‍ നിയമവ്യവസ്ഥിതി ഇല്ലാത്തിടത്തോളം കാലം അത് പുറത്തുവിടുന്നതില്‍ നിയമതടസങ്ങളില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഞാനോ നിങ്ങളോ അല്ല, അധികാരത്തിലിരിക്കുന്ന ആളുകളാണ്.
read also: ‘നടന്മാര്ക്കെതിരെ പറഞ്ഞാല്‍ അടിക്കും’: ഭീഷണി കോൾ വന്നുവെന്ന് ഭാഗ്യലക്ഷ്മി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ട് ഞാന്‍ ഞെട്ടേണ്ട കാര്യമില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ച വ്യക്തികളിലൊരാളാണ് ഞാന്‍. കമ്മിറ്റി നിലവിൽ വന്നത് സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും അതിനെത്തുടര്‍ന്ന് സുരക്ഷിതമായ ഒരു സംവിധാനം എങ്ങനെ രൂപീകരിക്കാന്‍ സാധിക്കുമെന്നും ചിന്തിക്കാനാണ്. ഇതിനാല്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്നതില്‍ ഞാന്‍ ഞെട്ടേണ്ടത് എന്തിനാണ്? അതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള നടപടികള്‍ എന്താണെന്ന് അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്.
എനിക്കു ചുറ്റുമുള്ള വര്‍ക്ക്സ്പേസ് സുരക്ഷിതമാകും. അതിനപ്പുറത്തേക്ക് ഞാനിതിലൊന്നും ഇന്‍വോള്‍വ്ഡ് അല്ല, ആകില്ല എന്നു പറയുന്നിടത്ത് തീരുന്നതല്ല ഞാന്‍ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ ഉത്തരവാദിത്വം. അതാണ് ഇവിടെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പരാമര്‍ശം. ഞാനിതിലില്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റേയോ നിങ്ങളുടെയോ ഉത്തരവാദിത്തം. എന്റെ ഉത്തരവാദിത്വം അവിടെത്തീരുന്നില്ല എന്ന് ഞാന്‍ പറയുന്നതു പോലെതന്നെ ഇന്നത്തെ പ്രൈടൈമിന്റെ ഒരു തലക്കെട്ട് കണ്ടെത്തുന്നതിലോ ടൈംലൈനുകളിലെ ഒരു ക്ലിക്ക്ബൈറ്റ് കണ്ടെത്തുന്നതിലോ നിങ്ങളുടെയും ഉത്തരവാദിത്വം തീരുന്നില്ല. ഇരുകൂട്ടരും തുല്യമായി ഇടപെടുകയാണ് വേണ്ടത്.
ഒരു പവര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ എനിക്കെതിരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞാല്‍ അങ്ങനെയൊന്ന് ഇല്ലയെന്ന് അവകാശപ്പെടാനാകില്ല. ഞാന്‍ അവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അവരാല്‍ ഞാന്‍ ബാധിക്കപ്പെട്ടിട്ടില്ല. അവരാല്‍ ബാധിക്കപ്പെട്ടവര്‍ ഇന്ന് മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അവരുടെ പരാതികള്‍ കേള്‍ക്കണം. അത്തരമൊരു ബോഡി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതില്ലാതാകണം.
പക്ഷേ അതുണ്ടെന്ന് പറയണമെങ്കില്‍ നേരിട്ട് ഞാനത് എക്സ്പീരിയന്‍സ് ചെയ്തിരിക്കണം. ഞാന്‍ എക്സ്പീരിയന്‍സ് ചെയ്തിട്ടില്ല എന്നതുകൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ല എന്നും എനിക്ക് പറയാനാകില്ല.
സ്ഥാനങ്ങളിലിരിക്കുന്ന ആള്‍ക്കാര്‍ക്കെതിരെ ആരോപണം ഉണ്ടാകുകയാണെങ്കില്‍ അതിന്റെ മര്യാദപരമായ നടപടിക്രമം ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം സ്വീകരിക്കുക എന്നതുതന്നെയാണെന്നു പൃഥ്വിരാജ് പറഞ്ഞു. സിദ്ദിഖ് മാറിയതിനുശേഷം ആ ചുമതലയിലേക്കു വന്ന നടനും ആരോപണം നേരിടുന്നുണ്ടെന്നും സ്വാഭാവികമായും ആ നടനും മാറിനിന്ന് അന്വേഷണം നേരിടേണ്ടതല്ലേയെന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ ഈ മറുപടി. ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണം നേരിടാന്‍ പാടില്ലെന്നാണ് വിശ്വസിക്കുന്നത്.
എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മാത്രമാണ് എല്ലാ മേഖലകളിലും നിലനില്‍ക്കേണ്ടത്. ഒരു സിനിമാസെറ്റ് സിനിമ എങ്ങനെ നിര്‍മിക്കപ്പെടുന്നു, സിനിമ എങ്ങനെ പ്രോസസ് ചെയ്യപ്പെടുന്നു എന്നത് കൃത്യമായി അറിയാത്തവര്‍ക്ക് അത് യൂണിഫോമിലി പ്രവര്‍ത്തിക്കുന്ന സിങ്കുലാര്‍ ബോഡിയായി തോന്നിയേക്കാം. സിനിമാസെറ്റ് അങ്ങനെയല്ല. സിനിമാസെറ്റില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ആ ഷൂട്ടിങ് നടക്കുന്ന സ്പോട്ടില്‍ എന്തൊക്കെ നടക്കുന്നു എന്നതു മത്രമാകും നമ്മുടെ കാഴ്ചയില്‍, നമ്മുടെ അറിവില്‍ അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍. ഇതേ സെറ്റിനുവേണ്ടി ഭക്ഷണം ഉണ്ടാക്കുന്ന ഒരു മെസ് അഞ്ച് കിലോമീറ്റര്‍ അകലെ കാണും. ഇന്ന് നമ്മള് ചിത്രീകരിക്കുന്ന സീനില്‍ രണ്ടായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണമെങ്കില്‍ ഇവരെ സെറ്റിലെത്തിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഏജന്റുമാരുണ്ട്. ഇവരുമായി കോര്‍ഡിനേറ്റ് ചെയ്താണ് ഇവര്‍ സെറ്റിലെത്തുന്നത്. ഇത് സിസ്റ്റമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന സ്ട്രീംഡ് ലൈനായ പ്രോസസിലേക്ക് എത്തിച്ചേരുന്ന ഒരു പ്രക്രിയ അല്ല. ഇത് സ്ട്രീംഡ്ലൈനാകണം. സിസ്റ്റമാറ്റികായി പ്രവര്‍ത്തിക്കണം. അതിലേക്ക് എത്തിച്ചേരേണ്ട വഴികള്‍ എന്താണെന്നതാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്.
പാര്‍വതി തിരുവോത്തിനു മുമ്പ് എനിക്ക് വിലക്ക് ലഭിച്ചിട്ടുണ്ട്. നിരോധനം എന്ന് ഇതിനെ വിളിക്കുന്നത് തെറ്റാണ്. ബഹിഷ്കരണം എന്നു പറയുന്നത് ഓരോരുത്തരുടെയും സ്വന്തം അവകാശമാണ്. ബഹിഷ്കരണം എന്നത് നേതൃനിരയിലിരിക്കുന്നവരുടെ ഭാഗത്തുനിന്ന് വരുമ്പോള്‍ അത് പലപ്പോഴും പ്രതിഫലിക്കുന്നത് നിരോധനമായിട്ടാണ്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ ഇന്നും സംഘടിതമായി ഒരാളുടെ തൊഴില്‍ അവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് അഭിസംബോധന ചെയ്യപ്പെടുകതന്നെ വേണം. അതിനെതിരെ നടപടികളുണ്ടാകണം. അങ്ങനെ ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല ‘ -പൃഥ്വിരാജ് പറഞ്ഞു.