സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് ഒരുമാസത്തെ വിശ്രമത്തിലായിരുന്നു നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. വീണ്ടും ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പോകുന്ന വിവരം വികാരനിർഭരമായ കുറിപ്പിലൂടെ സംഗീത് പങ്കുവച്ചു.
read also: ‘ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നത് ഇതിലും ചെറ്റത്തരങ്ങള്‍’: തുറന്നു പറഞ്ഞ് കലാ സംവിധായകൻ
സംഗീതിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിന്റെ പൂർണരൂപം:
ഒരു വീഴ്ചയ്ക്കു ശേഷമുള്ള ജീവിതം 27/7/24- 27/8/24
കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടം സംഭവിച്ചതിലൂടെ എന്റെ ജീവിതം തലകീഴായി മറിഞ്ഞു. കുഴപ്പമൊന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ഞാൻ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒരു നഴ്സ് പറഞ്ഞപ്പോള്‍മുതല്‍ ടെൻഷൻ തുടങ്ങി. അന്നുമുതല്‍, ഞാൻ പല വികാരങ്ങളിലൂടെ കടന്നുപോയി- ചിലപ്പോള്‍ സങ്കടവും വിഷാദവും ഭയവും എന്നെ കീഴ്പ്പെടുത്തി. എന്നാല്‍, ചില സമയങ്ങളില്‍ ഇരുന്നു ചിന്തിക്കാനും പ്രാർത്ഥിക്കാനും എനിക്ക് രണ്ടാമതൊരു അവസരം ലഭിച്ചതുപോലെ തോന്നി. ഭാവിയെക്കുറിച്ചുള്ള എന്റെ പല സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍ കിട്ടി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ പ്ലാൻ ചെയ്യുന്നതൊക്കെ പലപ്പോഴും വെറുതെയാണെന്ന് മനസ്സിലാക്കി. ഒഴുക്കിനൊപ്പം പോകുന്നതാണ് എപ്പോഴും നല്ലത്.
എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്… എന്നെ അവളുടെ കുട്ടിയെപ്പോലെ പരിപാലിച്ചു. എനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നും അവള്‍ അത് എത്രത്തോളം അർഹിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാൻ എന്നെ സഹായിച്ചു.
ഇന്ന്, ഒടുവില്‍ ജീവിതം സാധാരണ നിലയിലായി. ഞാൻ എന്റെ പ്രിയപ്പെട്ട സ്ഥലമായ ബ്രോമാൻസിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുകയാണ്. ഞാൻ ഇപ്പോഴും അല്‍പം ആശങ്കയിലാണ്. പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍ എനിക്കറിയാം; മേഘങ്ങള്‍ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയില്‍ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകള്‍ ഇനിയും മുന്നോട്ടുപോകാനുണ്ട്.
കഴിഞ്ഞമാസം 27-നാണ് കൊച്ചിയില്‍ ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാർ മറിഞ്ഞ് സംഗീതിനും അർജുൻ അശോകനും പരിക്കേറ്റത്. സ്റ്റണ്ട് ടീമിലെ ഡ്രൈവറായിരുന്നു കാറോടിച്ചിരുന്നത്. താരങ്ങള്‍ സഞ്ചരിച്ച കാർ സമീപത്തുണ്ടായിരുന്ന ഡെലിവറി ബോയിയേയും ബൈക്കിനേയും ഇടിച്ച് തെറിപ്പിക്കുകയും മറ്റ് ബൈക്കുകളില്‍ ഇടിക്കുകയും ചെയ്തു.