ഇന്നലെ വരെ കേരളത്തിലെ സിപിഎം പോരാട്ടങ്ങളുടെ മുന്നണി പോരാളിയായിരുന്ന പി വി അൻവർ ഇന്ന് നടത്തിയ വെളിപ്പെടുത്തൽ പാളയത്തിലെ പടയുടെ ബാക്കി പത്രമായെ കാണാനാകൂവെന്നും എഡിജിപിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ ചോർത്താൻ അൻവറിന് എങ്ങനെ സാധിച്ചുവെന്നും ബിജെപി നേതാവ് സന്ദീപ് വാചസ്പതി.
read also: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ മാറ്റം
കുറിപ്പ്
ഇന്നലെ വരെ കേരളത്തിലെ സിപിഎം പോരാട്ടങ്ങളുടെ മുന്നണി പോരാളിയായിരുന്ന പി വി അൻവർ ഇന്ന് നടത്തിയ വെളിപ്പെടുത്തൽ പാളയത്തിലെ പടയുടെ ബാക്കി പത്രമായെ കാണാനാകൂ. രാഷ്ട്രീയ ധാർമ്മികത എന്നത് തൊട്ടു തീണ്ടിയിട്ടുണ്ടെങ്കിൽ മന്ത്രി സഭ രാജി വെക്കണം. സ്വന്തം മന്ത്രിസഭാ അംഗങ്ങളുടെ ടെലിഫോൺ പോലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഓഫീസർ ചോർത്തി എന്നത് കേട്ടു കേഴ്‌വി ഇല്ലാത്ത സംഭവമാണ്. കൊലക്കേസ് പ്രതിയെയാണ് സംസ്ഥാനത്തിൻ്റെ ക്രമ സമാധാന ചുമതല ഏൽപ്പിച്ചിരിക്കുന്നത് എന്നത് മുഖ്യമന്ത്രിയുടെ മാനസ പുത്രനായ എംഎൽഎ ആണ്. ദാവൂദ് ഇബ്രാഹിമിനെ പോലും നാണിപ്പിക്കുന്ന ക്രിമിനലാണ് എഡിജിപി എന്നും എംഎൽഎ പറയുമ്പോൾ പിണറായി വിജയൻ്റെ തകർച്ച സമ്പൂർണമാവുകയാണ്.
അപ്പോഴും അൻവറിൻ്റെ വെളിപ്പെടുത്തലിൽ മറ്റ് ചില ഗുരുതര വിഷയങ്ങൾ കൂടിയുണ്ട്. മാധ്യമങ്ങൾ അൻവറിനോട് ചോദിക്കാത്ത ചില ചോദ്യങ്ങൾ. സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും നന്മയാണ് തൻ്റെ ലക്ഷ്യമെന്ന് ആവർത്തിച്ച അൻവർ ഇക്കാര്യങ്ങൾ ഒന്നും തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താഞ്ഞത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ആരും ഉയർത്തിയില്ല എന്നത് ദുരൂഹമാണ്. അതോ എഡിജിപിയുടെയും പൊളിറ്റിക്കൽ സെക്രട്ടറിയുടെയും വഴിവിട്ട നീക്കങ്ങൾ പിണറായിക്കും അറിയുമായിരുന്നു എന്നാണോ അനുമാനിക്കേണ്ടത്?
എഡിജിപി മന്ത്രിമാരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോൺ ഔദ്യോഗിക സംവിധാനം ദുരുപയോഗിച്ച് ചോർത്തുമ്പോൾ എഡിജിപിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ ചോർത്താൻ അൻവറിന് എങ്ങനെ സാധിച്ചു? ടെലിഫോൺ ചോർത്താനുള്ള സംവിധാനങ്ങൾ അൻവറിൻ്റെ വീട്ടിലുമുണ്ടോ? അതോ കടുവയെ പിടിക്കുന്ന ഏത് കിടുവയാണ് അൻവറിനെ സഹായിക്കുന്നത്? ഇനിയും ചോർത്തുമെന്ന് അൻവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ഏത് ഉന്നതൻ്റെ പിന്തുണയിലാണ്?
എന്തായാലും സെക്രട്ടറിയേറ്റ് ഭരിക്കുന്നത് മാഫിയ സംഘമാണ് എന്ന കാര്യം ഉറപ്പായിരിക്കുന്നു. ഇത്രയും വലിയ ക്രിമിനലുകൾ ഭരണം ഏറ്റെടുത്ത ഒരു സംഭവം ഇന്നേ വരെ ഉണ്ടായിട്ടില്ല. ഒരു നിമിഷം പോലും വൈകാതെ മന്ത്രിസഭ രാജി വെക്കുകയാണ് ഏക പരിഹാരം.