ലഹരി പാര്‍ട്ടിയും ലൈംഗിക ചൂഷണവും, ആഷിഖ് അബുവിനും റിമയ്ക്കും എതിരെ ഒരു വാക്കുപോലും മിണ്ടാത്തതെന്താണ്?- കെ സുരേന്ദ്രന്‍


നടി റിമ കല്ലിം​ഗലിന്റെ വീട്ടിൽ ലഹരിപാർട്ടി നടത്താറുണ്ടെന്ന ​ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്തുകയും നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തു എന്ന ഗൗരവതരമായ ആരോപണമുണ്ടായിട്ടും കേരളത്തിൽ ഇത് വലിയ ചർച്ചയാവാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യമാണ് കെ സുരേന്ദ്രൻ ഉയർത്തുന്നത്. സംഭവത്തിൽ സർക്കാരിനൊപ്പം മൗനം പാലിക്കുന്ന പ്രതിപക്ഷത്തെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വിമർശിക്കുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആഷിക് അബുവും റീമാ കല്ലിങ്കലും ചേര്‍ന്ന് കൊച്ചിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്താറുണ്ടെന്നും ഈ പാര്‍ട്ടിക്കിടയില്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഒരു യുവഗായിക ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തില്‍ വലിയ വാര്‍ത്തയും കോലാഹലവുമാവാതെ പോയതെന്നുള്ളത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചര്‍ച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത്?

മട്ടാഞ്ചേരി മാഫിയാസംഘത്തെക്കുറിച്ച് നേരത്തെ ഉയര്‍ന്ന ആരോപണങ്ങളും ഇതുപോലെ ലാഘവത്തോടെയാണ് പലരും കണ്ടത്. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്സും ലീഗും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട്? എല്ലാ കാര്യത്തിലും കാടടച്ചുവെടിവെക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടില്‍ ഉയര്‍ന്ന ഈ ആരോപണം എന്തുകൊണ്ടായിരിക്കും അദ്ദേഹവും തമസ്‌കരിച്ചതെന്നറിയാന്‍ കേരളം ആഗ്രഹിക്കുന്നു. എന്‍. സി. ബി യും കേരളത്തിലെ പൊലീസ് ഏജന്‍സികളും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. അമാന്തം തുടര്‍ന്നാല്‍ നിയമനടപടികള്‍ തുടങ്ങുമെന്ന് അധികൃതരെ ഓര്‍മ്മിപ്പിക്കുന്നു.