ശബരിമലയിൽ റാപ്പിഡ് ആക്ഷൻ ആംബുലൻസ് യൂണിറ്റുകൾ വിന്യസിച്ചു : ഭക്തർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് വീണാ ജോർജ്


തിരുവനന്തപുരം : ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ അടിയന്തര വൈദ്യസഹായം നിറവേറ്റുന്നതിനായി കേരള ആരോഗ്യവകുപ്പ് റാപ്പിഡ് ആക്ഷൻ ആംബുലൻസ് യൂണിറ്റുകൾ ശബരിമലയിൽ വിന്യസിച്ചു.

ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള ആംബുലൻസ് യൂണിറ്റുകളുടെയും കനിവ് 108 പ്രോഗ്രാമിൻ്റെയും സേവനത്തിന് പുറമെ തീർഥാടന പാതയിൽ റാപ്പിഡ് യൂണിറ്റുകൾ വിന്യസിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശുപത്രികളിലെ സമ്പൂർണ സൗകര്യങ്ങൾക്ക് പുറമെ 19 എമർജൻസി മെഡിക്കൽ സെൻ്ററുകളും നിരവധി ഓക്‌സിജൻ പാർലറുകളും പമ്പ മുതൽ സന്നിധാനം വരെയും പരമ്പരാഗത കാനനപാതയിലും ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

പമ്പ ആശുപത്രിയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യക്കാരായ തീർഥാടകർക്ക് 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാമെന്നും അതിനായി എമർജൻസി ലാൻഡ്‌ലൈൻ നമ്പറും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

തീർഥാടന കാലത്ത് ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകളും പോലീസും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.