കൊച്ചി : വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ മാസം പതിമൂന്നിനാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2219 കോടി രൂപയാണ് പുനരധിവാസത്തിന് ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
153.46 കോടി രൂപ എന്‍ഡിആര്‍എഫ് ഫണ്ടായി സംസ്ഥാനത്തിന് നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
ദുരന്തഭൂമിയില്‍ നിന്ന് ആളുകളെ എയര്‍ഡ്രോപ്പ് ചെയ്യുന്നതിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുമാണ് ഈ തുക ചെലവഴിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നവംബര്‍ 16നാണ് ഉന്നതാധികാരസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 153.46 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.