ടൊവിനോ ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്


ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്. ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിൽ നിന്നുള്ള ഏതാനും ചിലർ ആളുകളിൽ നിന്നും പൈസ തട്ടിയെടുക്കുന്നതായി സംവിധായകൻ അനുരാജ് മനോഹർ പറയുന്നു. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അനുരാജ് ഒരു മാധ്യമത്തിനോട് പ്രതികരിച്ചു.

നരിവേട്ടയുടെ ഷൂട്ടിം​ഗ് ആരംഭിച്ചിട്ട് നാല്പത് ദിവസത്തിന് മുകളിലായെന്നും അയ്യായിരം മുതൽ ആറായിരം ജൂനിയർ ആർട്ടിസ്റ്റുകൾ ഇതിനോടകം ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞുവെന്നും വേണ്ട ആർട്ടിസ്റ്റുകളെ നേരത്തെ തന്നെ കാസ്റ്റിം​ഗ് കാളൊന്നും ഇല്ലാതെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.

read also: ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിന്‍റെ സഹായത്താൽ പ്രസവം: മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ വിവാദത്തിൽ

സംവിധായകൻ അനുരാജ് മനോഹറിന്റെ വാക്കുകൾ ഇങ്ങനെ,

‘കുറച്ചധികം ജൂനിയർ ആർട്ടിസ്റ്റുകളുള്ള സിനിമയാണ് നരിവേട്ട. സിനിമയുമായി ബന്ധപ്പെട്ട് നിലവിൽ ഞങ്ങൾ കാസ്റ്റിം​ഗ് കാൾ ഒന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. വയനാട്ടിലാണ് ഷൂട്ടിം​ഗ് നടക്കുന്നത്. ചുരുക്കമായി മാത്രം ഫിലിം ഷൂട്ടിം​ഗ് നടക്കുന്ന സ്ഥലമായത് കൊണ്ട് തന്നെ ജൂനിയർ ആർട്ടിസ്റ്റുകളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. നിലവിൽ കോഡിനേറ്ററെ വച്ചാണ് കാസ്റ്റിം​ഗ് നടത്തിവരുന്നത്. അനസ്, ഫിദ എന്നിവരാണ് ഞങ്ങളുടെ കോഡിനേറ്റേഴ്സ്. ഇവർ പല സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മെസേജ് അയച്ചിട്ടുണ്ട്. ഇത് കണ്ടിട്ടാണ് തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള രണ്ട് മൂന്ന് പേർ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തുന്നത്. ഇവരെ സമീപിക്കുന്നവരിൽ നിന്നും പണവും തട്ടിയെടുക്കുന്നുണ്ട്. ‘- അനുരാജ് പ്രതികരിച്ചു.