ന്യൂദല്‍ഹി : കേരള നേതൃത്വത്തിലെ ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാനത്തിൻ്റെ പ്രഭാരിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കര്‍. പാലക്കാട് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ദേശീയ നേതൃത്വം നിലപാട് അറിയിച്ചത്.
തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും പ്രകാശ് ജാവദേക്കര്‍ എക്‌സില്‍ കുറിച്ചു.
ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്. കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയില്‍ വന്‍ ജനവിധി നേടുകയും ചെയ്തു. 2026ല്‍ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കാന്‍ ബിജെപി ഇവിടെയുണ്ട്. ജനങ്ങള്‍ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവന്‍ വിവരങ്ങളും നല്‍കി 15,00,000 വോട്ടര്‍മാര്‍ ബിജെപിയില്‍ സ്വമേധയാ അംഗങ്ങളായി. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കി ആര്‍ക്കും ബിജെപിയില്‍ അംഗമാകാം. എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറിച്ചു.