ഏഴു പതിറ്റാണ്ടിലധികമായി മലയാളിയുടെ വായനയെയും കാഴ്ചകളെയും കീഴടക്കിയ അത്ഭുത പ്രതിഭ എം ടി വാസുദേവൻ നായർ വിടവാങ്ങി, കഥകൾ, നോവലുകൾ, തിരക്കഥകൾ, സിനിമകൾ എന്ന് തുടങ്ങി ഒരുപാട് ഒരുപാട് രചനകളാണ് ആ തൂലികത്തുമ്പിൽ നിന്നും വാർന്നുവീണത്. കേവലമായി കഥ പറയുകയായിരുന്നില്ല എം.ടി തന്റെ രചനകളിൽ. ഒരു ദേശത്തിൻറെ സംസ്കാരവും ജീവിതവും വിശ്വാസവും ആചാരങ്ങളും എല്ലാം എം ടി രചനകളിൽ പ്രബലമായി നിന്നു.
read also: റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി
വള്ളുവനാടൻ സംസ്കൃതി അത്രമേൽ ജനകീയമാക്കി മാറ്റിയതിൽ എം ടി എന്ന പ്രതിഭയുടെ പങ്ക് വലുതാണ്. ഒരുപക്ഷേ മലയാള സാഹിത്യത്തിൽ അല്ലെങ്കിൽ ഇന്ത്യൻ സാഹിത്യത്തിൽ എം ടി മുൻപോട്ടു വെച്ച ചിന്തകൾ മറ്റൊരു എഴുത്തുകാരനും വയ്ക്കാൻ കഴിയാതെ പോയ ആലോചനകൾ ആയിരുന്നു എന്നുള്ളത് ഏറെ പ്രസക്തമാണ്. പഞ്ചപാണ്ഡവരും പാഞ്ചാലിയും ഏറെ പരിചിതമായ പ്രമേയമാണ് എന്നിരുന്നാലും എപ്പോഴും രണ്ടാമതായി പോകുന്നവന്റെ ഹൃദയവ്യഥകളെ വേറൊരു രീതിയിൽ അവതരിപ്പിക്കാം എന്ന് രണ്ടാമൂഴത്തിലൂടെ എം ടി തെളിയിച്ചു. സമാനമായ രീതിയിൽ തന്നെയാണ് പരിശുദ്ധനായ ചതിയൻ ചന്തു എന്ന സങ്കൽപം. വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിനെ മറ്റൊരു ഏടിനെയാണ് എം ടി വരച്ചു കാണിച്ചത് ചതിയൻ എന്നും തെമ്മാടി എന്നും കുറ്റപ്പെടുത്തുന്ന ചന്തു എങ്ങനെയാണ് അങ്ങനെ ഒരു പേര് വീണുകിട്ടിയത്, അയാളുടെ മനോനിലകൾ എന്തൊക്കെയായിരുന്നു എന്നുള്ളതിന്റെ ആവിഷ്കാരമായിരുന്നു വടക്കൻ വീരഗാഥ. രാമായണത്തിലെ ഊർമ്മിള എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ചില ആലോചനകൾ നടത്തുന്നു എന്നും അത് എന്നെങ്കിലും എഴുതി പൂർത്തിയാക്കണമെന്നും എംടി ആഗ്രഹിച്ചിരുന്നു (അവലംബം :പഴയ ഒരു അഭിമുഖം)
ഒരുപക്ഷേ മലയാളത്തിന്റെ മഹാനടന്മാർക്ക് എല്ലാം തന്നെ ഏറ്റവും മികച്ച തിരക്കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചത് എംടി ആയിരുന്നു. മലയാള സിനിമയിലെ ഭാവുകത്വത്തെ പരിണാമവൽക്കരിച്ചതിൽ ഒരു പങ്കു വധിച്ചതും എംടി ആയിരുന്നു. സ്വയംവരം തുടങ്ങിവെച്ച വിപ്ലവകരമായ ചലച്ചിത്രോദ്യമത്തിൽ എംടി പങ്കാളിയായത് നിർമാല്യം എന്ന് പറയുന്ന വിപ്ലവകരമായ സിനിമ അവതരിപ്പിച്ചുകൊണ്ട് കൂടിയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സിനിമയിലെയും സാഹിത്യത്തിലെയും ഒരു കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത് എങ്കിലും അവശേഷിപ്പിച്ചു പോയ ഓർമ്മകളും രചനകളും കൃതികളും ഒക്കെയും കാലാതീതമായി നിലകൊള്ളുക തന്നെ ചെയ്യും.