ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം, മയക്കുമരുന്ന് കഴിച്ചെന്നും ലോഡ്ജിൽ നിന്ന് കൊണ്ടുവന്നവരുടെ ഒപ്പംപോകില്ലെന്നും വാശി


കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രയിൽ മയക്കുമരുന്ന് ലഹരിയിൽ സീരിയൽ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂർ പോലീസിനോടും ഇവർ തട്ടിക്കയറി. നടി മയക്കുമരുന്ന് ലഹരിയിലായിരുന്നെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

മട്ടന്നൂർ ലോഡ്ജിൽ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരേ അവർ തട്ടിക്കയറി. പരാക്രമം തുടർന്നതോടെ ആസ്പത്രി അധികൃതർ മട്ടന്നൂർ പോലീസിൽ വിവരമറിയിച്ചു.

താൻ തുടർച്ചയായി ലഹരിവസ്തുക്കൾ ഉപയോഗിച്ചുവരികയാണെന്നും ആശുപത്രിയിലെത്തിച്ചവരുടെ ഒപ്പം പോകില്ലെന്നും പോലീസിന്റെ സംരക്ഷണം ആവശ്യമാണെന്നും നടി പറഞ്ഞതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടർന്ന് മണിക്കൂറുകൾക്കുശേഷം ഇവരെ ആംബുലൻസിൽ പോലീസ് അകമ്പടിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.