കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നു പുലർച്ചെ 1. 45 ഓടെ ഡോക്ടർമാരുടെ വിദഗ്ധ സംഘം മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കി.
നിലവിലുള്ള ചികിത്സ തൃപ്തികരമെന്നാണ് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. തുടർ ചികിത്സകളും നിർദ്ദേശിച്ചിട്ടുണ്ട്. ഡോ.ജയകുമാറിന് പുറമേ ഡോക്ടർമാരായ ആർ രതീഷ് കുമാർ,ഫിലിപ്പ് ഐസക് പി.ജി അനീഷ്,സിജോ ജോസഫ്, ജോസ് ജോൺ എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.
ഇന്നലെ രാത്രി 11 മണി യോടെയാണ് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. രണ്ടു മണിക്കൂറോളം അവർ എം.എൽ.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷം റിനൈയിലെ ഡോക്ടർമാരുടെ സംഘവുമായി ചർച്ച നടത്തുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകുകയായിരുന്നു.
വീഴ്ച്ചയിൽ ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തലച്ചോറിന് ഗുരുതര പരിക്കേറ്റതിനാലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞശേഷം മാത്രമേ തുടർ ചികിത്സകൾ സംബന്ധിച്ച് തീരുമാനമെടുക്കു. ഈ സമയം നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇത്രയും ഉയരത്തിൽ നിന്നു വീഴുമ്പോൾ ഒന്നിലധികം പരിക്കുകൾ ശരീരത്തിൽ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയോ മറ്റ് ചികിത്സാവിധികളോ ആവശ്യമായി കാണുന്നില്ല. ശസ്ത്രക്രിയ ആവശ്യമില്ലെന്നു പറയുമ്പോൾ അവസ്ഥ ഗുരുതരമല്ല എന്ന് അർഥമാക്കേണ്ടതില്ല എന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.