ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ ഖബറടക്കം പൂർത്തിയായി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. മന്ത്രി റോഷി അഗസ്റ്റിൻ അമറിന്റെ വീട്ടിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.
ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു അമറിനെ കാട്ടാന ആക്രമിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.
കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു അമര്‍.
കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. അമറിൻ്റെ മരണത്തെ തുടർന്ന് തൊടുപുഴ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു.