ഉമ തോമസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടി, ബോധം വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു
കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവം കുറഞ്ഞെങ്കിലും ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടി. എംഎല്‍എ ഇപ്പോഴും അബോധാവസ്ഥയിലാണ്. ബോധം വീണ്ടെടുക്കാനുള്ള ചികിത്സയാണ് ഇന്നലെ പ്രധാനമായും നടത്തിയത്. ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പരിപാടിക്കായി വേദിയും പന്തലും ഒരുക്കിയ ഓസ്‌കാര്‍ ഇവന്റെ മാനേജ്‌മെന്റ് കമ്പനിയുടെ മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരെ ഇന്നലെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എംഡി, നിഘോഷ് കുമാര്‍, ഇവന്റ് മാനേജ്‌മെന്റ് ഉടമ പി എസ് ജനീഷ് എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
എംഎല്‍എ അപകടത്തില്‍പ്പെട്ട, പന്ത്രണ്ടായിരത്തിലികം പേര്‍ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകോളോ പാലിച്ചില്ലായിരുന്നു. സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയര്‍ന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.